Don't Miss
 

 

ബാംഗ്ലൂര്‍ ഡെയ്സ്: യുവത്വത്തിന്റെ ആഘോഷം

നിധിന്‍ ഡേവിസ് | June/2/2014
image

ഒരു കൊമേഴ്സിയല്‍ ചിത്രത്തിനു വേണ്ട ചെരുരവകള്‍ ചേര്‍ത്ത ഈ ചിത്രം തീര്‍ച്ചയായും യുവത്വം തുളുമ്പുന്നപ്രേക്ഷകരെ മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ് ചെയ്തിട്ടുള്ളത്. ഏതു ഭാഷാചിത്രവും അതിന്റെതായ രസത്തില്‍ ആസ്വദിക്കാന്‍ സാധിക്കാറുള്ള മലയാളി പ്രേക്ഷകര്‍ക്ക്‌ ഒരു കളര്‍ഫുള്‍ ഹിന്ദി സിനിമ കണ്ടനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.

അര്‍ജുന്‍, കുഞ്ചു എന്ന ദിവ്യ പ്രകാശ്‌, കുട്ടന്‍ എന്ന കൃഷ്ണന്‍ എന്നീ മൂവര്‍ സംഘത്തിന്റെ സ്വപ്നങ്ങളും ആഘോഷങ്ങളുമാണ് ഈ ചിത്രത്തിന്‍റെ പ്രധാന ഘടകം. മായകാഴ്ചകള്‍ നിറഞ്ഞ ബാംഗ്ലൂര്‍ നഗരത്തിലെ ജീവിതം ആസ്വദിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്ന ഈ മൂവര്‍ സംഘം അവരുടെ ജീവിതത്തിലെ പല ആവശ്യങ്ങളുടെ ഭാഗമായി ബാംഗ്ലൂരില്‍ എത്തുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.

അര്‍ജുനായി ദുല്‍ഖര്‍ സല്‍മാനും, ദിവ്യയായി നസ്രിയയും, കൃഷ്ണനായി നിവിന്‍ പോളിയും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ശിവദാസ്‌ എന്ന വളരെ അടക്കമുള്ള കഥാപാത്രം ഫഹദ് ഫാസിലിന്റെ കൈയില്‍ തീര്‍ത്തും ഭദ്രമായിരുന്നു. വേഷവിധാനം കൊണ്ടും കഥാപാത്രം കൊണ്ടും പാര്‍വതി മേനോന് മലയാളത്തില്‍ ലഭിച്ച വളരെ വിത്യസ്തമായ കഥാപാത്രമാണ് സൈറ. ഇഷ തല്‍വാറിനും, നിത്യാ മേനോനും അധികമൊന്നും ചെയ്യാനില്ലെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളോട് അവര്‍ നീതി പുലര്‍ത്തിയിട്ടുണ്ട്.

യുവത്വത്തിന്റെ ആവേശം ഉള്‍കൊണ്ടുള്ള ഗോപി സുന്ദരുടെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്ത സമീര്‍ താഹിര്‍ പതിവ് പോലെ തന്‍റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.

കഥയില്‍ പുതുമ അവകാശപ്പെടാനൊന്നുമില്ലെങ്കില്ലും നര്‍മ്മരസം തുളുമ്പുന്ന തിരകഥ നമ്മെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നു. ഒരു യൂത്ത് ഹിന്ദി സിനിമ നല്കുന്ന മൂഡും രസവും ഉള്‍കൊണ്ടു കൊണ്ട് ചിത്രങ്ങള്‍ ചെയുവാന്‍ മലയാളി സംവിധായകര്‍ അതതു കാലങ്ങളില്‍ പരിശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. കമലിന്‍റെ നിറവും റോഷന്‍ ആണ്ട്രൂസിന്റെ കാസിനോവയും ഈ ലക്ഷ്യങ്ങളോടെ ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ഉദാഹരണങ്ങളാണ്. ഈ ലക്ഷ്യത്തോടെ ചെയ്തിട്ടുള്ള ഈ കാലഘട്ടത്തെ ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡെയ്സ്.

ഒരു കൊമേഴ്സിയല്‍ ഹിന്ദി സിനിമയ്ക്കുള്ള നീളവും, കഥയിലെ പാകപിഴവുകളും ഈ ചിത്രത്തിലും നമുക്ക് കാണാം. എങ്കില്ലും ആ സിനിമകള്‍ നമ്മില്‍ ഉള്ളവാക്കുന്ന രസങ്ങളെ പൂര്‍ണ്ണമായി ഒരു മലയാള സിനിമയിലൂടെ പ്രകടിപ്പിക്കുന്നതില്‍ അഞ്ജലി മേനോന്‍ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നീളം അല്പം കൂടുതല്‍ ആണെങ്കിലും നര്‍മ്മം നിലനിര്‍ത്തികൊണ്ടുള്ള തിരകഥ നമ്മെ പിടിച്ചിരുത്തുന്നുണ്ട്. ഇത്രയും യുവതാരങ്ങളെ ഉള്‍കൊള്ളിച്ചു, അവര്‍ക്ക് ഒട്ടും പ്രാധാന്യം ചോരാതെ ചെയ്ത ഈ ചിത്രം തീര്‍ച്ചയായും യുവതലമുറയെ പൂര്‍ണ്ണമായും ആകര്‍ഷിക്കാന്‍ പോന്നതാണ്. ചിലവക്കാനായി മൂന്ന് മണിക്കൂറും ജീവിതം ആഘോഷിക്കാനുള്ള ഒരു മനസ്സുമുണ്ടെങ്കില്‍ നിസംശയം കാണാം ഈ ചിതം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.